wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 29
  • 1 പത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെ നേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:
  • 3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
  • 4 ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.
  • 5 ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിൻ പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
  • 6 മിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും.
  • 7 അവർ നിന്നെ കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
  • 8 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ വാൾ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
  • 9 മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവൻ പറഞ്ഞുവല്ലോ.
  • 10 അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
  • 11 മനുഷ്യന്റെ കാൽ അതിൽകൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.
  • 12 ഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.
  • 13 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാൻ മിസ്രയീമ്യരെ അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും.
  • 14 ഞാൻ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവർ ഒരു ഹീനരാജ്യമായിരിക്കും.
  • 15 അതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും.
  • 16 യിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.
  • 17 ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 18 മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ് നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേലി ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
  • 19 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
  • 20 ഞാൻ അവന്നു മിസ്രയീംദേശത്തെ അവൻ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 21 അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.