wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 30
  • 1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 2 മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിൻ.
  • 3 നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.
  • 4 മിസ്രയീമിന്റെ നേരെ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.
  • 5 കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.
  • 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 7 അവർ ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.
  • 8 ഞാൻ മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്റെ സഹായക്കാരൊക്കെയും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.
  • 9 ആ നാളിൽ ദൂതന്മാർ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്റെ നാളിൽ എന്നപോലെ അവർക്കു അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.
  • 10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കയ്യാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.
  • 11 ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ മിസ്രയീമിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.
  • 12 ഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
  • 13 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂർത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.
  • 14 ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും,
  • 15 മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.
  • 16 ഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും.
  • 17 ആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.
  • 18 ഞാൻ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
  • 19 ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.
  • 20 പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 21 മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.
  • 22 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാൻ അവന്റെ കയ്യിൽനിന്നു വീഴിച്ചുകളകയും ചെയ്യും.
  • 23 ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.
  • 24 ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവർ അവന്റെ മുമ്പിൽ ഞരങ്ങും.
  • 25 ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാളിനെ ബാബേൽരാജാവിന്റെ കയ്യിൽ കൊടുത്തിട്ടു അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
  • 26 ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്നു അവർ അറിയും.