wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 31
  • 1 പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതു: നിന്റെ മഹത്വത്തിൽ നീ ആർക്കു സമൻ?
  • 3 അശ്ശൂർ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളർച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.
  • 4 വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.
  • 5 അതുകൊണ്ടു അതു വളർന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
  • 6 അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു.
  • 7 ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.
  • 8 ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.
  • 9 കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
  • 10 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളർന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളർച്ചയിങ്കൽ ഗർവ്വിച്ചുപോയതുകൊണ്ടു
  • 11 ഞാൻ അതിനെ ജാതികളിൽ ബലവാനായവന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
  • 12 ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
  • 13 വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവ ഒക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.
  • 14 വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗർവ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയർച്ചയിങ്കൽ നിഗളിച്ചു നിൽക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.
  • 15 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയ നാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന്നുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചു പോയി.
  • 16 ഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു.
  • 17 അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മദ്ധ്യേ പാർത്തവർ തന്നേ.
  • 18 അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എാന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.