- 1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- 2 മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ചു അവരോടു, ഇടയന്മാരോടു തന്നേ, പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്കു അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടതു?
- 3 നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും.
- 4 നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.
- 5 ഇടയൻ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു.
- 6 എന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിൽ ഒക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.
- 7 അതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ;
- 8 എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു,
- 9 ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ:
- 10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും.
- 11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
- 12 ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകലസ്ഥലങ്ങളിലും നിന്നു അവയെ വിടുവിക്കും.
- 13 ഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു ദേശങ്ങളിൽ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
- 14 നല്ല മേച്ചൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകൾ അവെക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചൽപുറത്തു മേയുകയും ചെയ്യും.
- 15 ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
- 16 കാണാതെപോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.
- 17 നിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിന്നും ആടിന്നും മദ്ധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മദ്ധ്യേയും ന്യായം വിധിക്കുന്നു.
- 18 നിങ്ങൾ നല്ല മേച്ചൽ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്കു പോരായോ?
- 19 നിങ്ങൾ കാൽകൊണ്ടു ചവിട്ടിയതു എന്റെ ആടുകൾ തിന്നുകയും നിങ്ങൾ കാൽകൊണ്ടു കലക്കിയതു അവ കുടിക്കയും ചെയ്യേണമോ?
- 20 അതുകൊണ്ടു യഹോവയായ കർത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യേ ന്യായം വിധിക്കും.
- 21 ദീനം പിടിച്ചവയെ നിങ്ങൾ പരക്കെ ചിതറിക്കുവോളം പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാൽ
- 22 ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
- 23 അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
- 24 അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
- 25 ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.
- 26 ഞാൻ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.
- 27 വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യിൽനിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
- 28 അവർ ഇനി ജാതികൾക്കു കവർച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
- 29 ഞാൻ അവർക്കു കീർത്തിയുള്ളോരു നടുതല വെച്ചുണ്ടാക്കും; അവർ ഇനി ദേശത്തു പട്ടണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.
- 30 ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേൽഗൃഹമായിരിക്കുന്ന അവർ എന്റെ ജനമാകുന്നു എന്നും അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
- 31 എന്നാൽ എന്റെ മേച്ചൽപുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങൾ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Ezekiel 34
- Details
- Parent Category: Old Testament
- Category: Ezekiel
യേഹേസ്കേൽ അദ്ധ്യായം 34