wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 35
  • 1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 2 മനുഷ്യപുത്രാ, നീ സെയീർ പർവ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു:
  • 3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സെയീർപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
  • 4 ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്നു നീ അറിയും.
  • 5 നീ നിത്യവൈരം ഭാവിച്ചു, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.
  • 6 അതുകൊണ്ടു: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 7 അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
  • 8 ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
  • 9 ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  • 10 യഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു
  • 11 എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 12 യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും.
  • 13 നിങ്ങൾ വായ്കൊണ്ടു എന്റെ നേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാൻ അതു കേട്ടിരിക്കുന്നു.
  • 14 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.
  • 15 യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാൻ യഹോവയെന്നു അവർ അറിയും.