wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 31
  • 1 യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവർക്കു അയ്യോ കഷ്ടം!
  • 2 എന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനർത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കർമ്മികളുടെ ഗൃഹത്തിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേല്ക്കും.
  • 3 മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
  • 4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാൻ ഇറങ്ങിവരും.
  • 5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
  • 6 യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ.
  • 7 അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും.
  • 8 എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൌവനക്കാർ ഊഴിയവേലക്കാരായിത്തീരും.
  • 9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.