wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യെശയ്യാഅദ്ധ്യായം 32
  • 1 ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.
  • 2 ഓരോരുത്തൻ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.
  • 3 കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
  • 4 അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.
  • 5 ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.
  • 6 ഭോഷൻ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവെക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും.
  • 7 ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.
  • 8 ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
  • 9 സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേൾപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിൻ.
  • 10 ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല.
  • 11 സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിൻ; ചിന്തിയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ; അരയിൽ രട്ടു കെട്ടുവിൻ.
  • 12 മനോഹരമായ വയലുകളേയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയേയും ഓർത്തു അവർ മാറത്തു അടിക്കും.
  • 13 എന്റെ ജനത്തിന്റെ ദേശത്തു ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളെക്കും.
  • 14 അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻ കൂട്ടങ്ങളുടെ മേച്ചൽപുറവും ആയിരിക്കും.
  • 15 ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
  • 16 അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.
  • 17 നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.
  • 18 എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.
  • 19 എന്നാൽ വനത്തിന്റെ വീഴ്ചെക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.
  • 20 വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!