wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഇയ്യോബ്അദ്ധ്യായം 8
  • 1 അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
  • 2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും?
  • 3 ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ?
  • 4 നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു.
  • 5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ,
  • 6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
  • 7 നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
  • 8 നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക.
  • 9 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.
  • 10 അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും.
  • 11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?
  • 12 അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു.
  • 13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;
  • 14 അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.
  • 15 അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല.
  • 16 വെയിലത്തു അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു.
  • 17 അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു.
  • 18 അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.
  • 19 ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളെച്ചുവരും.
  • 20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്‌പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
  • 21 അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും.
  • 22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.