wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഇയ്യോബ്അദ്ധ്യായം 9
  • 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
  • 2 അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങിനെ?
  • 3 അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാൻ കഴികയില്ല.
  • 4 അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?
  • 5 അവൻ പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
  • 6 അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.
  • 7 അവൻ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
  • 8 അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.
  • 9 അവൻ സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
  • 10 അവൻ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.
  • 11 അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.
  • 12 അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?
  • 13 ദൈവം തന്റെ കോപത്തെ പിൻ വലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവന്നു വഴങ്ങുന്നു.
  • 14 പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
  • 15 ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും.
  • 16 ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.
  • 17 കൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകർക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
  • 18 ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
  • 19 ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്കു അവധി നിശ്ചയിക്കും?
  • 20 ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
  • 21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
  • 22 അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നതു: അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
  • 23 ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിർദ്ദോഷികളുടെ നിരാശ കണ്ടു അവൻ ചിരിക്കുന്നു.
  • 24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അതു അവനല്ലെങ്കിൽ പിന്നെ ആർ?
  • 25 എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.
  • 26 അതു ഓടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
  • 27 ഞാൻ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
  • 28 ഞാൻ എന്റെ വ്യസനം ഒക്കെയും ഓർത്തു ഭയപ്പെടുന്നു; നീ എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
  • 29 എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
  • 30 ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
  • 31 നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
  • 32 ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
  • 33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്നു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
  • 34 അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
  • 35 അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.