wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സെഖർയ്യാവുഅദ്ധ്യായം 8
  • 1 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാ തീക്ഷ്ണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാൻ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.
  • 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യ നഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിന്നു വിശുദ്ധപർവ്വതം എന്നും പേർ പറയും.
  • 4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യംനിമിത്തം ഓരോരുത്തൻ കയ്യിൽ വടി പടിക്കും.
  • 5 നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.
  • 6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
  • 7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.
  • 8 ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
  • 9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്നു ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ.
  • 10 ഈ കാലത്തിന്നുമുമ്പെ മനുഷ്യന്നു കൂലിയില്ല, മൃഗത്തിന്നു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവന്നു വൈരി നിമിത്തം സമാധാനവുമില്ല; ഞാൻ സകല മനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു.
  • 11 ഇപ്പോഴോ ഞാൻ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
  • 12 വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും.
  • 13 യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളോരേ, നിങ്ങൾ ജാതികളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായ്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിപ്പിൻ.
  • 14 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ
  • 15 ഞാൻ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  • 16 നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‍വിൻ.
  • 17 നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
  • 18 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 19 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ.
  • 20 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും.
  • 21 ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്നു: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.
  • 22 അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.
  • 23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.