wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സെഖർയ്യാവുഅദ്ധ്യായം 9
  • 1 പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാൿ ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.
  • 2 അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിന്നും ജ്ഞാനം ഏറിയ സോരിന്നും സീദോന്നും അങ്ങനെ തന്നേ.
  • 3 സോർ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.
  • 4 എന്നാൽ കർത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും; അവൾ തീക്കു ഇരയായ്തീരുകയും ചെയ്യും.
  • 5 അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികൾ ഇല്ലാതെയാകും.
  • 6 അസ്തോദിൽ ഒരു കൌലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവ്വം ഞാൻ ഛേദിച്ചുകളയും.
  • 7 ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.
  • 8 ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കയില്ല; ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.
  • 9 സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
  • 10 ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
  • 11 നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.
  • 12 പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നേ പ്രസ്താവിക്കുന്നു.
  • 13 ഞാൻ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾ പോലെയാക്കും.
  • 14 യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽ പോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.
  • 15 സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കയും ചെയ്യും.
  • 16 അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.
  • 17 അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.